നീയും ഞാനും


ഒരിക്കൽ കൂടി ഞാനറിയുന്നു നീ ഞാനാണെന്ന് !


എന്നും നിനക്കായുള്ളതെല്ലാം എന്റെയുമാണെന്നും !


അതു നിന്റെ പ്രാണൻ മുതൽ പ്രണയം വരെയെന്നും !


സന്തോഷം മുതൽ നിൻ തീവ്രനൊമ്പരം വരെയെന്നും !


പകരുന്നു നിന്നിൽ നിന്നുമെന്നിലേയ്ക്കെല്ലാമേ നീ !


ആധിയായും വ്യാധിയായും നിൻ മഹാമാരിയായും !


ഏൽക്കുന്നു ഞാനെല്ലാം നിൻ പ്രണയസമ്മാനമായും !


എന്തെന്നാലെന്നും നീയെന്നാൽ ഞാനാണ് ഞാനെന്നാൽ നീയും !


ഈ ഏകാന്തവാസം ഊട്ടിയുറപ്പിച്ചെൻ  വിശ്വാസം !


നീയില്ലാത്ത ലോകമെനിക്കെന്നും ശൂന്യമാണെന്ന് !


നിന്റെ സാമീപ്യം അമൂല്യമായ അമൃതാണെന്നും !


നിന്റെയാലിംഗനം മാത്രമാണെന്റെ മരുന്നെന്നും !


നീയില്ലാതെയെനിക്ക് അസ്ഥിത്വമേയില്ലെന്നതും !


നീ തന്ന സ്വാതന്ത്ര്യമെൻ ജീവിതവിജയമെന്നും !


നീ തീർത്ത തടങ്കലാണെനിക്കീ പ്രണയമെന്നും !


നിൻ കലിയും അങ്കപ്പുറപ്പാടും വെറും വ്യാജമെന്നും !

ശേഷം നിന്റെ പ്രണയം കടലായൊഴുകുമെന്നും !

അറിവൂ നീയിതൊക്കെയെന്ന്,   ഞാനുമിതൊക്കെയെന്നും !

നീയാണെനിക്കെല്ലാം, ഞാൻ നിനക്കുമെല്ലാമാണെന്നും !

നീ മറന്ന നിബന്ധന

ഞാനേത്രമേൽ നിന്നെ ജീവിതത്തിൽ  നോവിച്ചുവെന്നാലും,
നിന്നാൽ ഞാൻ നോവാതെ നോക്ക വേണം നീയെക്കാലവും !!

ഉറപ്പൊന്നതു മാത്രമേ വാങ്ങിയതുള്ളൂ ഞാനൊരിക്കൽ,
നിനക്കായൊരു സ്ഥാനമെൻ  ഏകാന്തതയിലേകിയപ്പോൾ !!

ഇന്ന് നീയെന്നെ വിട്ടകന്നു നിൽക്കുന്നതാം വേളയിൽ,
കാരണമായി നീ ചൊന്നതു ഞാൻ നോവിച്ചുവെന്നതും !!!

അമ്മ ??????

അമ്മ എന്റെയല്ലേ??
ബാല്യം കൊഞ്ചുന്നു !!

അമ്മയ്ക്ക് ഇതെന്താ??
കൗമാരം വികൽപ്പമായ് !!

അമ്മയോ അതാരാ??
യൗവനം മായാലോകമായ് !!!

അമ്മ ആരുടേതാ??
വാർദ്ധക്യം ത്രിശങ്കുവിൽ !!

തുടക്കം നിന്നിലാണ്

നിനക്കായ്‌ കാത്തു വെച്ചിവിടെ ഒന്നുമില്ല –
നീയെത്തിപ്പിടിക്കേണ്ട ഉയരങ്ങളല്ലാതെ !!

അവസരങ്ങളുടെ  മഹാസമുദ്രമീ ലോകം –
ഒരു നീർക്കുമിളയെങ്കിലും കണ്ടെടുക്കുക നീ !!

സദാചാരം നന്നെന്ന് !!!

ലോകം വാഴും സദാചാരകുരുക്കുകളേ നിങ്ങൾക്കു നന്ദി,
എന്നിലെ സ്വാർത്ഥപ്രണയിനിയെ തളച്ചു കെട്ടിയതിനു !!

ബാല്യം തൊട്ടിന്നു വരെയുള്ളയെന്റെ  പ്രണയസങ്കല്പങ്ങൾ,
ഏറെയിൽ നിന്നൊന്നിലേക്കായി ചുരുക്കിയതൊക്കിയതിനും !!

മേലങ്കിയുടെ അനാവരണം

ആഢ്യത്വം വാക്കിലും നോക്കിലും നിലപാടിലും ചിന്തയിലും ചെയ്ത്തിലും,
അടിമത്തം ബാല്യം മുതൽ
വാർദ്ധക്യം വരെ സ്നേഹത്തിൻ രൂപഭാവങ്ങളിൽ…

വിശകലനം ചെയ്തൊരുവേള ഈ ജീവിനെയപഗ്രത്ഥിച്ചീടുകിൽ,
എന്നിലെ യഥാർത്ഥസ്ത്രീ തൻ ആന്തരിക ബൗദ്ധികതലമിതൊന്നു മാത്രം..

ഈ ജീവിതവീഥികളുമെന്റെ ഇടറിയ ചുവടിൻ വിഭ്രാന്തിയും, പ്രജ്ഞയവലോകനം ചെയ്യും കർമ്മമോർക്കേ വിരലുകളിൻ വിറയലും..

കടങ്ങൾ കടമകൾ കടപ്പാടുകൾ നിറഞ്ഞ അഗാധഗർത്തവും,
ഭീമത്തിൽ നിന്നും ശൂന്യത്തിലേക്കതിൻ ആഴത്തിന്നവരോഹണവും…

ദൈർഖ്യമെത്രയേറിയതെന്റെയീ യാത്രയെന്ന് മനസ്സിന്നറിവില്ല,
ആത്മാവിൻ ചോദ്യത്തിനോടെന്തുത്തരമോതുമെന്നുമറിയില്ല..

ഒരിക്കലെങ്കിലും മേലങ്കിയഴിച്ചു മാറാപ്പില്ലാ മനുഷ്യനാകും ഞാൻ,
മരിച്ചു മണ്ണോടു ചേർന്നു മരുപ്പച്ചയാകുമാ വേളയ്ക്കിടയിലൊന്നിൽ…

സ്വാർത്ഥത

നിന്റെ വിഷമം നിനക്ക് മാരകവിഷമയം,
അവന്റെ വിഷമം
നിനക്കേണ്ടാത്ത വിഷയവും..

അറിയുക ലോകസഹജം സ്വാർത്ഥതയിതെന്നും,
നീ ചെയ്യും തെറ്റ് മാത്രമേ അവനിലുമുള്ളെന്നും..