ഫെമിനിസ്റ്റ്

(സമർപ്പണം :
എല്ലാ കട്ട ഫെമിനിച്ചികൾക്കും💪💪😎😎)

ആരാണ് ഫെമിനിസ്റ്റ് ?

സ്ത്രീ-പുരുഷ സമത്വം അവകാശപ്പെടുന്നവരാണോ അവർ ?

അതോ തൻറെ സഹോദരനൊപ്പം അതേ വലുപ്പത്തിൽ ഉള്ള മീൻ പൊരിച്ചത് കഴിക്കാൻ ഉള്ള അവകാശത്തിനായി വാദിക്കുന്നവർ ആണോ ?

എന്താണ് ഫെമിനിസം?

ലോകസഭയിലെ അംഗത്വം സ്ത്രീ പുരുഷ വർഗക്കാർക്കായി തുല്യതപ്പെടുത്തണം എന്നതിനായുള്ള വാദമാണോ ഫെമിനിസം?
അതുമല്ല …വീട്ടുജോലി ആണും പെണ്ണും സമാ-സമം ചെയ്യണം എന്നതാണോ ?

യഥാർത്ഥത്തിൽ എന്താണ് ആ സാധനം ?
അതോ ഓരോ കാലഘട്ടത്തിലും ഓരോന്നാണോ അത് ?

എട്ടു വയസ്സുള്ള പെൺകുഞ്ഞിനോടു, അയൽക്കാരനങ്കിൾ അവളുടെ ഉടുപ്പൊന്നു മാറ്റി കാണിക്കാൻ പറഞ്ഞപ്പോൾ അവൾക്കു തോന്നിയ സംശയമാണോ ഫെമിനിസം ?

എപ്പോഴോ ഒരിക്കൽ,വകയിലുള്ള ഒരു ബന്ധു എന്ന് അമ്മ പരിചയപ്പെടുത്തിയ മനുഷ്യൻ, നാക്ക് കൊണ്ട് കാണിച്ച ഏതോ ഒരു ആംഗ്യം കണ്ടപ്പോൾ തോന്നിയ അറപ്പാണോ ഫെമിനിസം ?

ഒരു വിദ്യാർത്ഥിനി, പാഠഭാഗത്തിലെ സംശയനിവർത്തി വരുത്തുന്നതിനിടയിൽ, അവളുടെ മുഖത്തെ ജിജ്ഞാസ കണ്ട മാത്രയിൽ കവിളത്തു ചുംബിച്ച സാറിൻറെ കുറ്റി രോമത്തിനോടുള്ള ദേഷ്യമാണോ ഫെമിനിസം ?

വെളുപ്പാൻകാലത്ത് അമ്പലത്തിൽ പോവുന്നതിൻറെ സുഖമറിഞ്ഞ നാളുകളിലൊന്നിൽ, അമ്മയോടൊപ്പം റോഡിലൂടെ നടക്കുമ്പോൾ ,സൈക്കിൾ ഓടിച്ചു പോയ ഒരു മനുഷ്യൻ അമ്മയെ കയറി പിടിച്ചപ്പോൾ ,ആ പാവത്തിന്റെ തൊണ്ടയിൽ നിന്ന് പുറത്തു വന്ന ഒരു പ്രത്യേകതരം ശബ്ദമാണോ ഫെമിനിസം ? അവന്റെ പുറകെ തല്ലാനായി കൈയ്യിൽ കിട്ടിയ പത്തൽ കൊമ്പുമായി ഓടിയ മകളാണോ ഫെമിനിസ്റ്റ്?

ആദ്യമായി സൈക്കിൾ ഓടിച്ചു സ്കൂളിൽ പോയ നാളിൽ, അഹങ്കാരി എന്ന് മുദ്ര കുത്തി , നടുറോഡിൽ തെറി പറഞ്ഞ ഭ്രാന്തനെതിരെ പോലീസിൽ പരാതി പറഞ്ഞു ചെന്ന പെൺകൊടിയാണോ ഫെമിനിസ്റ്റ് ?

ഞായറാഴ്ചകളിൽ, രാവിലെ തന്നെ വീട്ടു ജോലിയെല്ലാം ധൃതിയിൽ തീർത്തെന്നു വരുത്തി, മഹാഭാരത പരമ്പര കാണുവാൻ ടെലിവിഷൻ ഉള്ള തറവാട്ടിലേക്ക്, നടത്തത്തിനും ഓട്ടത്തിനും ഇടയിലുള്ള വേഗതയിൽ പായുന്ന ആ നാളുകളിലൊന്നിൽ, അവരുടെ മുന്നിൽ നിന്ന് തൻ്റെ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ച ചെറുപ്പക്കാരനെ കല്ലെടുത്തു എറിഞ്ഞ പെൺപുലികൾ ആയിരുന്നോ ഫെമിനിസ്റ്റുകൾ ?

ഇനി അതുമല്ല , ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾ അച്ഛന്റെയും അമ്മയുടെയും തണലിൽ, തൻ്റെ സ്വന്തം വീട്ടിൽ, തോന്നുമ്പോൾ മാത്രം അടുക്കള ജോലിയും പുറം പണികളും ചെയ്തും, പഠനത്തിന് മുൻഗണന കൊടുത്തും ,ജോലി സമ്പാദിച്ചു മാതാപിതാക്കൾക്ക് അത്താണിയായി മാറുന്ന പെണ്മക്കൾ….വിവാഹത്തിന് ശേഷം ,പുതിയ ഒരു അന്തരീക്ഷത്തിൽ എത്തിപ്പെടുമ്പോൾ, ആ കുടുംബവുമായി പൊരുത്തപ്പെടാൻ ,അവരിൽ ഒരാളായി മാറുവാൻ ,അല്ലെങ്കിൽ അംഗീകരിക്കപ്പെടുത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ, ഭർതൃസ്ഥാനം അലങ്കരിക്കുന്നയാളുടെ സ്വഭാവത്തിലെ വൈകൃതങ്ങളെ” അത് അവന്റെ പ്രകൃതം അല്ലേ..ചുട്ട മുതൽ ചുടല വരെ അങ്ങിനെ തന്നെ ആവും.. നീ മനസ്സിലാക്കി സഹകരിക്കുക ” എന്ന സ്ഥിരം പല്ലവി ഭർതൃമാതാവിന്റെയൊ പിതാവിന്റെയോ വായിൽ നിന്നും കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന അടങ്ങാത്ത അമർഷങ്ങളാണോ ഫെമിനിസം ?

ചിലപ്പോഴെങ്കിലും താനറിയാതെ തൻ്റെ സ്വാഭിമാനത്തിനു വല്ലാതെ കോട്ടം തട്ടുന്ന നിമിഷത്തിൽ ,പൊട്ടിത്തെറിച്ചു പോകുമ്പോൾ, കേൾക്കേണ്ടി വരുന്ന ശകാരവർഷങ്ങൾ, “ഭർത്താവിനോട് പെരുമാറാൻ അറിയാത്തവൾ” എന്നൊക്കെയുള്ള അഭിസംബോധനകൾ…ഇവയെല്ലാം കേൾക്കുമ്പോൾ ,തോന്നുന്ന വല്ലാത്ത ഒരു അവസ്ഥ …

എന്തൊക്കെയോ ചെയ്യണം എന്നും ,എന്തൊക്കെയോ ഉറക്കെ അലറണം എന്നും തോന്നുന്ന ഒരു തരം ഭ്രാന്തു…അതാണോ ഇനി ഈ ലോകമെല്ലാം ചർച്ച ചെയ്യുന്ന ഫെമിനിസം ?

വണ്ണം വച്ചു…എന്താ ഇങ്ങിനെ ?..എന്നൊക്കെയുള്ള ചോദ്യം കേട്ട് ,രാവിലെ എഴുന്നേറ്റു നടക്കാൻ പോകാമെന്നു കരുതി പുറത്തേക്കു ഇറങ്ങുമ്പോൾ, പുറകിലൂടെ ആരാവും തന്നെ പിടിക്കാൻ വരുന്നത് എന്ന ഭയവിഹ്വലമായ ചിന്തയാണോ ?

വളരെ അടുത്ത സൗഹൃദമാണെങ്കിലും, പുരുഷ സുഹൃത്തിൻറെ കൈകൾ തന്നെ മുട്ടുന്നുണ്ടോ, അയാളുടെ നോട്ടം എവിടേക്കാണ്,എന്നൊക്കെയുള്ള ആധിയാണോ അത്?

ഉത്സവ പറമ്പിൽ ചെണ്ട മേളം ആസ്വദിച്ചു നൃത്തമാടുന്ന ആളുകളെ കണ്ടു അറിയാതെ ഒന്ന് ചാടിയ തന്നെ , കൂർത്ത കണ്ണുകളാൽ തുറിച്ചു നോക്കുന്ന നൂറായിരം മുഖങ്ങൾ കാണുമ്പോൾ,ഉള്ളിൽ പതഞ്ഞു പൊങ്ങുന്ന ആത്മനിന്ദയാണോ ഫെമിനിസം ?

എത്രയൊക്കെയും തൻ്റെ മേഖലയിൽ കഴിവ് തെളിയിച്ച സ്ത്രീ ആണെങ്കിലും, ആണിന്റെ പ്രാതിനിധ്യവും ആണുങ്ങൾ ഭരണം കൈയ്യാളുന്ന പ്രശസ്തസംഘടനയെ എതിർത്താൽ, കേൾക്കേണ്ടി വരുന്ന അസഭ്യവർഷങ്ങളെ, തന്റേടത്തോടെ നേരിടുന്നതാണോ ഫെമിനിസം?

കടൽത്തിരയിൽ മുങ്ങി കുളിക്കുന്ന കുട്ടികളെയും പുരുഷന്മാരെയും,പേരിനു മാത്രം അവർ ധരിക്കുന്ന വസ്ത്രത്തെയും ശ്രദ്ധിക്കാതെ ,തോൾ മുതൽ പാദം വരെ മറച്ചു വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ, കാമാസക്തിയോടെ ശരീരത്തെ ഉഴിയുന്ന അതേ പുരുഷ ജനങ്ങളോടുള്ള അസൂയയാണോ ഫെമിനിസം ?

പൊട്ടിപ്പൊളിഞ്ഞു നശിച്ചു തുടങ്ങുന്ന താൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനെ, ഒന്ന് നന്നാക്കിയെടുക്കാം എന്ന വ്യാമോഹം കൊണ്ടു മുന്നിട്ടിറങ്ങി, പകുതിയിലധികം ദൂരം മുന്നേറിക്കഴിയുമ്പോൾ, പെൺമേൽക്കോയ്മയും പെണ്ണിന്റെ വിജയവും സഹിക്കാൻ വയ്യാത്ത ഒരുപറ്റം പുരുഷക്കൂട്ടായ്മയുടെ, എന്തൊക്കെയോ കോപ്രായങ്ങളും പേക്കൂത്തും കണ്ടു സഹികെട്ടു ആ ഉദ്യമത്തിൽ നിന്നും പിന്തിരിയവേ, അവരോടും ഈ ലോകത്തോട് തന്നെയും മനസ്സിൽ തോന്നുന്ന, കാലം ഇനിയും നിർവചിച്ചിട്ടില്ലാത്ത തരത്തിലുള്ള എന്തോ ഒരു വികാരമാണോ ഫെമിനിസം?

എന്തോ ….മനസ്സിലാവുന്നില്ല …എന്താണ് ഫെമിനിസം എന്ന് ? മുകളിൽ പറഞ്ഞതെല്ലാം ഫെമിനിസം ആണെങ്കിൽ…….അതാണ് ഒരു ഫെമിനിസ്റ്റിൻറെ ചിന്താഗതിയെങ്കിൽ, ശരിയാണ് ,ഞാൻ ഒരു ഫെമിനിസ്റ്റ് ആണ് …ഒരു കട്ട ഫെമിനിസ്റ്റ് ……

ഹേയ്… ഇതൊന്നുമല്ല ഫെമിനിസമത്രേ … വിവേകശാലികളിൽ നിന്നും ഒരു തിരുത്തു ലഭിച്ചു ….

ഫെമിനിസം എന്നാൽ …താൻ പെണ്ണ് എന്നതിലും അപ്പുറം ഒരു മനുഷ്യനാണെന്ന തിരിച്ചറിവ് …ആൺതുണയില്ലാതെ എന്തും ചെയ്യാമെന്ന വിശ്വാസം…. ഒന്നിനും ആണിനെ ആശ്രയിക്കേണ്ടതില്ല എന്ന തിരിച്ചറിവ് ……. സ്നേഹത്തിനു വേണ്ടി പോലും….ആണ് ചെയ്യുന്നതെന്തും, ഒറ്റക്കോ അവരോടു കൂടിയോ ചെയ്യാമെന്ന തിരിച്ചറിവ്…..എല്ലാത്തിനും അപ്പുറം, അവളുടെ വികാരങ്ങളും വിചാരങ്ങളും ആണിനെ പോലെ തന്നെ തുറന്നു പറയാൻ കഴിയുന്ന ചങ്കൂറ്റം ….സമത്വം ഇരന്നു വാങ്ങാതെ പ്രവർത്തിച്ചും പൊരുതിയും നേടിയെടുക്കാൻ കഴിയുന്ന മനോധൈര്യം….”

ഇതൊക്കെയാണത്രെ ഫെമിനിസം ….

ആവാം..ഇത് തന്നെ ആവാം..പക്ഷെ..അവളെ ഇങ്ങിനെ ചിന്തിപ്പിക്കുന്നതിന് ആധാരമായത് അവളുടെ ജീവിതാനുഭവങ്ങളാണ് ..ആദ്യം സൂചിപ്പിച്ച പോലെയുള്ള, അവളിലെ ആത്മാംശത്തെ മുറിപ്പെടുത്തിയ ഓരോരോ അനുഭവങ്ങൾ …..

ഇങ്ങിനെയെല്ലാമെങ്കിലും, സ്വന്തം ഭർത്താവിൻറെ തണലിൽ ,ആ മാറിലെ ചൂടിലുറങ്ങി ഉണരുന്ന പെൺകിളിയുടെ മനസ്സും അവളിൽ ഭദ്രം ….അതാണ് സ്ത്രീ ……യഥാർത്ഥ സ്ത്രീ ….ഫെമിനിസ്റ്റ് ആയ സ്ത്രീ ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s